കറുകച്ചാൽ: കറുകച്ചാൽ –മണിമല റോഡിന്റെ വശങ്ങളിൽ കങ്ങഴ പഞ്ചായത്തിലെ ഇലയ്ക്കാട് മുതൽ ഇടയിരിക്കപ്പുഴ വരെയുള്ള ഭാഗങ്ങളിൽ മുറിച്ചുമാറ്റിയ വൻ തടികൾ കൂട്ടിയിട്ടിരിക്കുന്നത് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രികർക്കും ഒരുപോലെ അപകടഭീഷണിയാകുന്നു.
റോഡരികിൽ ക്രമരഹിതമായി കൂട്ടിയിട്ടിരിക്കുന്ന മരത്തടികൾ കാരണം കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നടക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പല സ്ഥലങ്ങളിലും റോഡിന്റെ വശം തടസപ്പെട്ടതിനാൽ കാൽനട യാത്രക്കാർ, വാഹനങ്ങൾ സഞ്ചരിക്കുന്ന ഭാഗത്തുകൂടി നടക്കേണ്ടിവരുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വിദ്യാർഥികൾ, വയോജനങ്ങൾ, സ്ത്രീകൾ എന്നിവരാണ് കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്. രാത്രി സമയങ്ങളിലും മഴക്കാലത്തും തടികൾ വ്യക്തമായി കാണാൻ കഴിയാത്തതിനാൽ അപകടസാധ്യത വർധിക്കുന്നു.
ഈ തടികൾ കിടക്കുന്നതിനാൽ പുല്ലും കാടും വളർന്ന് പാമ്പുകൾ പെരുകി അടുത്തുള്ള വീടുകളിലുള്ളവർക്ക് പാമ്പു കടി ഏൽക്കുന്നതായും നാട്ടുകാർ ചൂണ്ടികാട്ടി .റോഡിന്റെ വീതി കുറയുകയും, എതിരേ വരുന്ന വാഹനങ്ങൾ കാണാൻ തടസമുണ്ടാകുകയും ചെയ്യുന്നതിനാൽ വാഹനാപകടങ്ങൾ പതിവാകുന്നത് ആശങ്ക പരത്തുന്നു.
മരങ്ങൾ മുറിച്ചുമാറ്റിയ ശേഷം അവ സമയബന്ധിതമായി നീക്കം ചെയ്യാതിരി ക്കുന്നതാണ് നിലവിലെ സാഹചര്യത്തിന് കാരണം. പൊതുമരാമത്ത് വകുപ്പ് അധികൃതർ ബന്ധപ്പെട്ട കരാറുകാർക്ക് വേണ്ട ഒത്താശ ചെയ്യുന്നതിനാലാണ തടികൾ നീക്കം ചെയ്യാൻ കരാറുകാർ തയാറാകാത്തത് എന്നും പ്രദേശവാസികൾ പറഞ്ഞു.
പൊതു മരാമത്ത് റോഡ് വിഭാഗം അധികൃതർക്ക് തടികൾ ലേലം പിടിച്ച കരാറുകാരെ കൃത്യമായി അറിയാം. വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ അനേകം ആളുകളുടെ ജീവൻ പൊലിയാൻ കാരണമാകും. അടിയന്തരമായി മരാമത്ത് ഉദ്യോഗസ്ഥർ ഇടപെട്ട് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന തടികൾ മാറ്റി ജനങ്ങളുടെ യാത്രാസൗകര്യം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.